അശ്വത്ഥാമാ ഹത കുഞ്ജര....
അശ്വത്ഥാമാവില്‍ നിന്നും സ്വാത്വിക ഭാവം പൂര്ണമായും അകന്നു. കൂമനില്‍ നിന്നും പ്രചോദനം ഉള്ക്കൊണ്ട അദ്ദേഹത്തിന്റെ നീക്കങ്ങള്‍ രാക്ഷസീയമായിരുന്നു. ഉപദേശങ്ങള്ക്ക് വഴങ്ങാത്ത ആ ദ്രോണ പുത്രനു പിന്നാലെ കൃപരും, ക്രുതവര്മ്മാവും പിന്തുടര്ന്നു . കൌരവ പക്ഷത്തില്‍ ശേഷിക്കുന്ന അവര്‍ മൂവരും സുഖവും ദുഖവും രണ്ടായാലും ഒരേ മനസ്സോടെ പങ്കിട്ട് അനുഭവിക്കാന്‍ തീര്‍ച്ചയാക്കി . സൈന്യാധിപന്റെ നിര്ദ്ദേശ പ്രകാരം കൃപരും ക്രുതവര്മ്മാവും പാണ്ഡവ ശിബിരത്തിനു വെളിയില്‍ നിന്നു സൈന്യാധിപന് വാളോങ്ങി ശിബിരതിനുള്ളില് പ്രവേശിച്ചു. മെത്തമേല്‍ സുഖ സുഷുപ്തിയില്‍ ഉറങ്ങിയിരുന്ന ധൃഷ്ടദൃമ്നനെ അശ്വത്ഥാമാവ് ഇരുളിന്റെ നേരിയ വെളിച്ചത്തില്‍ ദര്‍ശിച്ചു. അദ്ദേഹം ഒറ്റച്ചവിട്ടിന് ധൃഷ്ടദൃമ്നനെ ഉണര്ത്തി. അശ്വത്ഥാമാവ് ക്രൂരമായി പൊട്ടിച്ചിരിച്ചു, ഇരുളിന്റെ നിശബ്ദതയില് ആ ശബ്ദം മാറ്റൊലി കൊണ്ടു.
അദ്ദേഹം പുലമ്പി 'ഗുരുഹന്താവായ നിനക്ക് മാപ്പില്ല! ഈ നിമിഷം ഞാന്‍ നിന്നെ വധിക്കുന്നു' അശ്വത്ഥാമാവ് വില്ലിന്റെ ഞാണ് കൊണ്ട് ധൃഷ്ടദൃമ്നന്റെ കഴുത്തു വരിഞ്ഞു മുറുക്കാന്‍ ഒരുമ്പെട്ടു. ഭയന്നു വിരണ്ട ധൃഷ്ടദൃമ്നന്‍ വിലപിച്ചു. 'എനിക്ക് മരണത്തെ ഭയമില്ല . എന്റെ ജന്മോദ്ദേശം നിറവേറ്റാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാത്ഥനാണ്. എന്നാല്‍ നിങ്ങള്‍ ഈ കാണിക്കുന്ന പ്രവൃത്തി നിന്ദ്യമാണ്.'
അശ്വത്ഥാമാവ് പൈശാചികമായി അലമുറയിട്ടു. ' എന്റെ രാജാവിന്റെ ദുര്യോഗത്തിന് പകരം വീട്ടാതെ ഞാന്‍ പിന്തിരിയില്ല. ദുര്യശസ്സ് ഞാന്‍ ഭയക്കുന്നില്ല'
പാണ്ഡവ സൈന്യാധിപന് പുലമ്പി. 'അങ്ങൊരു അസ്ത്രം കൊണ്ടെന്നെ കൊല്ലൂ! വീര സ്വര്ഗ്ഗം പൂകാനെങ്കിലും എന്നെ അനുവദിക്കൂ ആചാര്യ പുത്രാ! '
ഇല്ല ! സ്വര്ഗ്ഗതിലെത്താന് ഞാന്‍ നിന്നെ അനുവദിക്കില്ല . മൃഗീയമായി ആചാര്യനെ കൊലപ്പെടുത്തിയ നിനക്കുള്ള ശിക്ഷ ഞാന്‍ തന്നെ നടപ്പാക്കും . '
അധര്മ്മത്തിന്റെ പ്രതീകമായി മാറിയ ആ ആചാര്യപുത്രന് വില്ലിന്റെ ഞാണ് കൊണ്ട് ധൃഷ്ടദൃമ്നന്റെ കഴുത്ത് വരിഞ്ഞുമുറുക്കി . ഗാഢനിദ്രയില്നിന്നു ഞെട്ടി ഉണര്ന്ന ശിബിരതിലുള്ളവര് ഈ കാഴ്ച കണ്ട് ഞെട്ടി വിറച്ചു . ഏതോ കള്ളന് കൂടാരത്തില്‍ കയറിയതായാണ് അവര്‍ ആദ്യം ധരിച്ചത്. തങ്ങള്‍ ശത്രുവിന്റെ വലയില്‍ ദയനീയമാം വിധം പെട്ടിരിക്കുന്നു എന്നു ബോദ്ധ്യമായപ്പോള്‍ അവര്‍ ആത്മ രക്ഷക്കുള്ള ശ്രമം തുടര്ന്നു . ശിബിരത്തിനു വെളിയില്‍ കാവല്‍നിന്ന കൃപരും ക്രുതവര്മ്മാവും അവരുടെ നീക്കത്തെ തടഞ്ഞു .
കൃപര്‍ ശിബിരത്തിന്റെ ഒന്നിലധികം ഭാഗങ്ങളില്‍ തീ കൊളുത്തി . ധൃഷ്ടദൃമ്നന്‍ മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം , അശ്വത്ഥാമാവ് കൂടാരത്തില്‍ രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ ഭയന്നു നിന്ന ദ്രൌപതീ പുത്രന്മാരെയും, ശിഖണ്ടിയേയെയും വാള് കൊണ്ടു വെട്ടി കൊലപ്പെടുത്തി.
യുദ്ധാരംഭം മുതല്‍ അര്‍ജ്ജുനന്റെ രഥം സംരക്ഷിച്ചിരുന്ന യുധാജിത്തും ഉത്തമൌജസസും യുദ്ധത്തില്‍ നിന്ന് ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടിരുന്നു.
ശിബിരത്തില്‍ കൂട്ടാളികള്‍ക്കൊപ്പം ശയിച്ചിരുന്ന അവരും പോള്ളലേറ്റ് മരിച്ചു . ശങ്കര വരപ്രസാദതാല്‍ അനുഗ്രഹീതനായ അശ്വത്ഥാമാവ് ഒരു മുറിവു പോലും ഏല്ക്കാതെ വെളിയില്‍ വന്നു . അവര്‍ മൂവരും അട്ടഹസിച്ചുകൊണ്ട് തങ്ങളുടെ രാജാവിന്നരുകിലേക്ക് നടന്നു. ആശിച്ചത് നേടിയെടുത്ത സന്തോഷ തിമര്‍പ്പില്‍ അവര്‍ മൂവരും തങ്ങളുടെ വീണു കിടക്കുന്ന രാജാവിന് സമീപം എത്തി.
പ്രാണന് പൂര്ണമായും വിട്ടുപോകാത്ത ശരീരം ആയാസപ്പെട്ടുയര്ത്തി , ദുര്യോധനന് അവരെ പ്രതീക്ഷയോടെ നോക്കി . ദുര്യോധനന്റെ സന്തത സഹചാരിയെന്നൊണം ഗദ ആ ദേഹത്തോട് ചേര്ന്ന് കിടന്നിരുന്നു . അശ്വത്ഥാമാവ് ദുര്യോധനനോട് ചേര്ന്നിരുന്നു കൊണ്ട് പറഞ്ഞു ' രാജാവേ ! ഞാനിന്ന് അങ്ങക്കു വേണ്ടി ആ കര്മ്മം പൂര്ത്തീകരിച്ചു . നമുക്ക് ജയിക്കാനായില്ലങ്കിലും, ഭാവി പാണ്ഡവ കുലത്തെ മുഴുവന്‍ ഞാന്‍ ഭസ്മ്മീകരിച്ച് അങ്ങയോടുള്ള കടമ പൂര്ത്തീകരിച്ചിരിക്കുന്നു.പ്രേത ബാധ ഏറ്റപോലെ അശ്വത്ഥാമാവ് അലറി വിളിച്ചു ...
അത് ഒരു മനുഷ്യ ശബ്ദമായിരുന്നില്ല, ദുരാത്മാവിന്റെ കൊടും ക്രൂരത ഏറ്റു പറയും വിധമായിരുന്നു.
അശ്വത്ഥാമാവേ ! അങ്ങക്കതു സാധിച്ചുവോ? എങ്ങനെ ? എല്ലാം എന്നോട് തുറന്നു പറഞ്ഞാലും !'. അവര്‍ മൂവരും കൂടി ചെയ്തു തീര്ത്ത ക്രൂരതയുടെ വര്ണ്ണന, രാജാവിന് മുന്നില്‍ നിരത്തി . ദുര്യോധനന്റെ മുഖം ഒരു നിമിഷം വിവര്ണ്ണമായി .
ഞാന്‍ ഭയക്കുന്നു അശ്വത്ഥാമാവേ! അങ്ങയുടെ യശസ്സിന് ഇതു മൂലം കളങ്കം ഭവിക്കുമെന്നു ശങ്കിക്കുന്നു .' ഈ മൂന്നുപേരും മൃഗങ്ങളെക്കാള്‍ നികൃഷ്ടരായി മാറി കഴിഞ്ഞിരുന്നു . മൃഗങ്ങള്‍ പോലും സ്വരക്ഷക്കോ , നിവൃത്തിയില്ലാത്ത അവസ്ഥയില്‍ ഭക്ഷണത്തിനു വേണ്ടിയോ മാത്രമേ സ്വവര്ഗ്ഗത്തെ കൊന്നു തിന്നൂ... ദ്രോണ പുത്രന്റെ പ്രവൃത്തി അതിനേക്കാള്‍ താഴ്ന്നു പോയിരുന്നു.
രാജാവേ ! യശസ്സിനെക്കാള്‍ വലുതാണ് കടപ്പാട് . ഞാന്‍ അങ്ങയോടുള്ള കടപ്പാട് ഇന്നു വീടിയിരിക്കുന്നു . അങ്ങക്കിനി ആത്മ സംതൃപ്തിയോടെ മരിക്കാം... ഇ ത്രയെങ്കിലും ചെയ്തില്ലെങ്കില്‍ , ഞാന്‍ എന്റെ അന്ന ദാതാവിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞി ല്ലെന്ന ദുഖത്തോടെ വെന്തുരുകി കഴിയേണ്ടി വന്നേനെ ! '
അശ്വത്ഥാമാവ് തന്റെ രാജാവിന്റെ പ്രാണന് പൊയ്കൊണ്ടിരുന്ന ശരീരം സ്വന്തം ശരീരത്തോട് ചേര്ത്തു വെച്ചു , നെറ്റിയില്‍ മുത്തമിട്ട് പൊട്ടിക്കരഞ്ഞു . ദുര്യോധനന് അസ്പഷ്ടമായ ശബ്ദത്തില്‍ ഉച്ചരിച്ചു ' എന്റെ പ്രിയ അശ്വത്ഥാമാവേ! അങ്ങക്കു വേണ്ടി എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല . നന്ദിയുണ്ട് മിത്രമേ !...'
ദുര്യോധനന് അവസാന ശ്വാസ മെടുക്കുന്നതിനു വേണ്ടി പിടഞ്ഞു . ' എന്റെ പൊന്നു രാജാവേ ! അങ്ങെനിക്ക് ഒന്നും തന്നില്ലന്നു മാത്രം പറയരുത് . ഈ ശരീരത്തില്‍ ഒഴുകുന്ന ഓരോ തുള്ളി രക്തവും അങ്ങു തന്ന അന്നത്തിന്റെ സ്പന്ദനമാണ് . അങ്ങ് എന്റെ ധിക്കാരിയായ മിത്രവും , രാജാവുമാണ് . ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു... ഹൃദയത്തോടു ചേര്ത്തു വെച്ച് അങ്ങയെ പുല്കുന്നു...'
താന്‍ എന്താണ് പറയുന്നതെന്നു പോലും ദ്രോണ പുത്രന് നിശ്ചയമില്ലാതെ ആയി . അയാള്‍ അത്രമാത്രം തന്റെ രാജാവിനെ സ്നേഹിച്ചിരുന്നു , ഒരു കൂടപിറപ്പെന്ന പോലയോ, ഒരു മിത്രമായോ, രാജാവായോ ഒരുപക്ഷെ ഇതെല്ലാമായൊ...'
തന്റെ പ്രജകളുടെ കറകളഞ്ഞ സ്നേഹം ഏറ്റുവാങ്ങാന്‍ ദുര്യോധനനോളം മറ്റൊരു രാജാവിനും ഭാഗ്യം കിട്ടിക്കാണില്ല . ആ നിഷ്കളങ്കമായ സ്നേഹം ഏറ്റുവാങ്ങി ദുര്യോധനന് ലോകത്തോട് വിട പറഞ്ഞു .
കടപ്പാട്: ഇന്ദിരക്കുട്ടിയമ്മ
Here is a SRee Mahaabhaaratam story retold in poetic form -- for your kind reading:
മറുപടിഇല്ലാതാക്കൂഗർവ്വനൃത്തം, ശർവ്വനൃത്യം
ഡി.കെ.എം. കർത്താ (published in 12/2019 Yajn^Opavaatam maasika)
പണ്ടെന്നോ സംഭവിച്ചൂ കഥയിതു, പവിതം സപ്തസാരസ്വതത്തിൻ
മണ്ണിൽ, ത്തീർത്ഥത്തിലെങ്ങോ തരുണമുനിയൊരാൾ തീർത്തു പുല്ലിന്റെ മാടം;
കണ്ണിന്നശ്രദ്ധയാലേ കുശമുന വിരലിൽക്കുത്തി, യെന്നാൽ ക്ഷതത്തിൽ—
ക്കണ്ടില്ലാ ചോരയൊട്ടും, പകരമൊഴുകിപോൽപ്പച്ചനീരന്നു ചാലായ്!
തോന്നീപോൽ ദർപ്പമൽപ്പം മുനിയുടെയകമേ -- മർത്ത്യനല്ലാതെയായ്ത്താൻ
വന്യം ദർഭയ്ക്കുതുല്യം പരമപവിതമാം സസ്യമായ്ത്തീർന്നുവെന്നും
തന്നെക്കാൾശ്ശുദ്ധിയേറും മനുജനവനിയിൽക്കാണുകില്ലെന്നുമപ്പോൾ—
സ്സന്ന്യാസിയ്ക്കുള്ളുറപ്പാ, യതു സിരകളിലുന്മാദമായ്ത്തീർന്നുവത്രേ !
നൃത്തം ചെയ്യാൻ തുടങ്ങീ മുനി, യതിലിഴുകും വശ്യഭാവം നുകർന്നോർ
മത്തന്മാരായ്പ്പ്രപഞ്ചസ്ഥിതജനസകലം കൂത്തരങ്ങിൽക്കരേറീ;
ചെത്തം പൊന്തീ, വിറച്ചൂ ഭുവനതല, മതിൽപ്പർവ്വതങ്ങൾ പൊടിഞ്ഞൂ
കത്തും ചിത്തത്തൊടെത്തീ യവനപരസുരർ ബ്രഹ്മദേവന്റെ മുന്നിൽ.
സൃഷ്ടിയ്ക്കപ്പെട്ട വിശ്വപ്രകൃതിയെയഖിലം ശാന്തമാക്കി, പ്പ്രപഞ്ചം
തുഷ്ടിയ്ക്കാഗാരമാക്കാൻ വിധി ഹരസവിധേയെത്തിപോൽത്തൽക്ഷണത്തിൽ;
നഷ്ടപ്പെട്ടോരു ഭൂമീസമതുലനമുടൻ വീണ്ടെടുക്കാനണഞ്ഞൂ
ദുഷ്ടത്വത്തിന്റെയാട്ടക്കളമതി, ലെരുതാം വാഹനത്തിൽത്ത്രിനേത്രൻ.
സ്വാർത്ഥത്തിൻ മൂർത്തിയായ് മങ്കണകമുനിയഹങ്കങ് കാരമോടാടിടും സൽ—
ത്തീർത്ഥത്തിൽച്ചെന്നു നിന്നാനമലശശിധരൻ, മൗനിയായ്പ്പുഞ്ചിരിച്ചാൻ;
"നൃത്തത്തിൽപ്പങ്കു ചേരൂ, ” മുനി മൊഴിയുകയായ്, "ത്താങ്കളിബ് ഭ്രാന്തമാകും
നൃത്തം ചെയ്യുന്നതെന്തി, ന്നരുളുക സദയം" -- ചൊല്ലി കൈലാസനാഥൻ.
കാണിച്ചൂ തൻമുറിപ്പാ, ടതിലൊഴുകി വരും പച്ചനീ, രപ്പുരാനെ—
ത്താനെന്നുള്ളൊരു ഭാവം പെരുകിയ മുനിയന്നേറുമാവേശമോടേ;
യാനം കാളയ്ക്കുമേലാം ഭവനുടനൊരുകൈ പൊക്കി പോ, ലങ് ഗുലിത്തു—
മ്പാനന്ദത്തോടെ നുള്ളീ പെരുവിരലിലെയപ്പൊൻ നഖത്താൽസ്സഹാസം.
കണ്ടൂപോലന്നു ലോകം തിരുമുറിവിനകംതന്നിൽ നിന്നുത്ഭവിയ്ക്കും
ചന്തം ചാർത്തും വിഭൂതീകണികകളണിയായൂറിവീഴുന്ന ദൃശ്യം;
മിണ്ടാനാവാതെയായ്മങ്കണകനു; ഹൃദയം ജ്യോത്സ്നപോലേ പരക്കും
വെണ്ണീറാൽശ്ശുദ്ധമായീ — ഹരപദതളിരിൽക്കേണു വീണാൻ മുനീന്ദ്രൻ.
ഗർവ്വം ചെയ്യുന്ന നൃത്തം ധരണിയിലശുഭം തിയ്യുപോൽപ്പെയ്യുമെന്നും
ശർവ്വൻ ചെയ്യുന്ന നൃത്യം പരമശുഭദമാണില്ലതിൽദ്ദർപ്പമെന്നും,
സർവ്വസ്വം ശർവ്വപാദേ മലരുകളണിയിയ്ക്കുന്നപോൽച്ചേർത്തഹത്തിൻ
പർവ്വം തീർക്കേണമെന്നും മുനി ഹരകൃപയാലന്നു നന്നായ്പ്പഠിച്ചാൻ !
[പവിതം = ശുദ്ധമായ; അവന-പര-സുരർ = രക്ഷിയ്ക്കുന്നതിൽ താല്പര്യമുള്ള ദേവകൾ;
വിധി ഹര-സവിധേ = ബ്രഹ്മാവ് ശിവന്റെയടുത്ത്; എരുത് = കാള ; വിഭൂതീകണിക = ഭസ്മത്തരി;
അഹത്തിൻ പർവ്വം തീർക്കുക = അഹന്തയുടെ അദ്ധ്യായം അവസാനിപ്പിയ്ക്കുക]